Skip to content

നഗരസഭ കുടില്‍ പൊളിച്ചു വൃദ്ധബ്രാഹ്മണനും ഭാര്യയും പെരുവഴിയില്‍

  • News
നഗരസഭ കുടില്‍ പൊളിച്ചു വൃദ്ധബ്രാഹ്മണനും ഭാര്യയും പെരുവഴിയില്‍
നഗരസഭയുടെ സ്ഥലത്ത് കുടില്‍ കെട്ടാന്‍ അനുവദിച്ചവര്‍തന്നെ അതു പൊളിച്ചുമാറ്റിയതോടെ വൃദ്ധബ്രാഹ്മണനും കുടുംബവും പെരുവഴിയിലായി. ചിറ്റൂര്‍ -തത്തമംഗലം നഗരസഭയുടെ ക്രൂരനടപടിയാണ് തത്തമംഗലം തെക്കേഗ്രാമത്തില്‍ ശങ്കരനാരായണനെയും ഭാര്യ ഗൗരിയേയും പെരുവഴിയിലാക്കിയത്. യാക്കര അയ്യപ്പക്ഷേത്രത്തിലെ പൂജാരിയുടെ സഹായിയാണ് അമ്പത്തഞ്ചുകാരനായ ശങ്കരനാരായണന്‍ . സ്വന്തമായി കിടപ്പാടമില്ലാത്ത ശങ്കരനാരായണനോട് നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിങ്കമ്മിറ്റി ചെയര്‍മാനും ഉദ്യോഗസ്ഥരും ദേവിനഗര്‍കോളനിയില്‍ കുടില്‍ കെട്ടാന്‍ വാക്കാല്‍ സമ്മതമേകി. എന്നാല്‍ , ഒരു മുന്നറിയിപ്പും നല്‍കാതെ വെള്ളിയാഴ്ച വൈകിട്ട് നഗരസഭാ അധികൃതര്‍ പൊളിച്ചുമാറ്റിയതോടെ ശങ്കരനാരായണനും ഭാര്യയും വഴിയാധാരമാകുകയായിരുന്നു. ആദ്യകാലത്ത് നഗരസഭയുടെ പൊതുകക്കൂസ് നിലനിന്ന സ്ഥലത്താണ് ശങ്കരനാരായണന് കുടില്‍കെട്ടാന്‍ അനുമതി നല്‍കിയത്. ദേവീനഗറില്‍ പുതിയ കോളനി രൂപീകരിച്ചതോടെ കക്കൂസ് പൊളിച്ചുമാറ്റി. കോളനിയുടെ കളിസ്ഥലത്തിനുവേണ്ടി നിശ്ചയിച്ച സ്ഥലത്താണ് കുടില്‍ കെട്ടിയത്. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വേണുഗോപാല്‍ മുഖാന്തിരമാണ് കുടില്‍കെട്ടി താമസിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷ ശങ്കരനാരായണന്‍നഗരസഭയ്ക്ക് നല്‍കിയത്.
അടുത്ത കൗണ്‍സില്‍യോഗത്തില്‍ കുടില്‍ കെട്ടാന്‍ അനുമതി വാങ്ങിത്തരാമെന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഉറപ്പും നല്‍കിയിരുന്നു. തുച്ഛവരുമാനംമാത്രമുള്ള ശങ്കരനാരായണന്‍ 20,000 രൂപ കടംവാങ്ങി ഓലയും മുളയും ഉപയോഗിച്ച് കെട്ടിയ കുടില്‍ പുത്തന്‍കോളനിക്കാരുടെ പരാതിയെത്തുടര്‍ന്നാണ് പൊളിച്ചുമാറ്റിയത്. കുടില്‍ പൊളിച്ചുമാറ്റാന്‍ കോളനിവാസികള്‍ ചിറ്റൂര്‍ എംഎല്‍എ കെ അച്യുതനെ സമീപിക്കുകയും നഗരസഭയില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പൊളിച്ച കുടിലിന്റെ ഓലയും മുളയും നഗരസഭാ അധികൃതര്‍ കൊണ്ടുപോയി.
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും നഗരസഭാഅധികൃതരും വാക്കാല്‍ ഉറപ്പ് നല്‍കിയതിനാലാണ് കുടില്‍ കെട്ടിയതെന്ന് ശങ്കരനാരായണനും ഭാര്യ ഗൗരിയും പറഞ്ഞു. നഗരസഭാപ്രദേശത്ത് അനധികൃതകെട്ടിടങ്ങളും കടകളും നിലനില്‍ക്കുമ്പോള്‍ അവ പൊളിച്ചുമാറ്റാതെ തല ചായ്ക്കാന്‍ കുടില്‍കെട്ടിയവരെ പെരുവഴിയിലാക്കിയ നഗരസഭയുടെ നടപടി വിവാദമായിരിക്കുകയാണ്. ശങ്കരനാരായണനും ഭാര്യയും താണിയമ്പാടത്തെ അടിസ്ഥാനസൗകര്യങ്ങളില്ലാത്ത ഒരു മുറിയിലാണ് ഇപ്പോള്‍ താമസം.

News courtesy of : deshabhimani

Leave a Reply