കാൽനൂറ്റാണ്ട് മുൻപ് വണ്ടിത്താവളം ഗ്രാമത്തിൽ നിന്ന് അൻപതോളം ചെറുപ്പക്കാർ പഴനി തീർത്ഥാടന പദയാത്ര നടത്തി. പൂർവ്വീകപദയാത്രികരേയും, അത്തരം യാത്രാ അനുഭവങ്ങളേയും സ്മരിച്ചുകൊണ്ടുള്ള ഗൃഹാതുരത്വം തുളുമ്പുന്ന ആവേശയാത്ര.
പഴനിയാത്ര സംബന്ധിച്ച് ധാരാളം സഞ്ചാരകഥകൾ പഴഞ്ചരിത്രമായി ബാല്യം മുതൽ തന്നെ എല്ലാവരുടേയും ബോധമനസ്സിൽ പതിഞ്ഞുനിന്ന കാര്യമാണ്. ഗ്രാമക്കവലയിലെ ആൽമരച്ചുവട്ടിൽ സന്ധ്യാ ചർച്ച നടന്നപ്പോൾ ആരോ പഴനിയാത്ര എന്നൊരാശയം കൊണ്ടുവന്നു. അതോടെ അന്നത്തെ ചർച്ച ഈ വിഷയം മാത്രമായി. രാത്രി 12 മണിയോടെ ചർച്ചാതീരുമാനമായി. അടുത്ത വ്യാഴാഴ്ച നടന്നുപോകുന്നു. താൽപര്യക്കാർക്കെല്ലാം പങ്കെടുക്കാം. വ്യാഴാഴ്ചയ്കാമ്പുഴേക്കും ഗ്രാമത്തിലെ മുതിർന്ന അനുഭവസ്ഥരുടെ വിദഗ്ദനിർദ്ദേശങ്ങൾ ശേഖരിക്കുകയും വേണം.
പഴനി – വണ്ടിത്താവളം 100 km അകലമുണ്ട്. ആദികാലങ്ങളിൽ നടന്നായിരുന്നു യാത്രകൾ. സംഘയാത്രകൾ. കാടും മലയും താണ്ടിയുള്ള ക്ലേശയാത്ര . ക്രമേണ ക്ലിപ്തമായ യാത്രാവഴി വന്നപ്പോൾ യാത്ര ഒന്നുകൂടി നന്നായി. പോകുന്നവഴിയിൽ വെച്ചുണ്ടും കിടന്നുമുള്ള യാത്രകൾ. പിന്നെയങ്ങോട്ട് കാളവണ്ടിയാത്രകളായി. അപ്പോഴാണ് കുഞ്ഞുങ്ങളും, സ്ത്രീകളുമടങ്ങുന്ന സകുടുംബയാത്രാക്കാലം തുടങ്ങുന്നത്. ഈ സമയം തന്നെ വഴിയോരങ്ങളിൽ അതതു നാടുവാഴികളും, ജന്മിമാരും, അമ്പലക്കാരും സത്രങ്ങൾ തുടങ്ങിയിരുന്നു.
അക്കാലത്ത് പഴനിയിലും സത്രങ്ങൾ മാത്രമെ ഉണ്ടായിരുന്നുവെന്നുള്ളുവത്രേ. ഭക്ഷണശാലകളായി വീടുകളിലെ ഹോംലി മീൽസ് മാത്രം. മിക്കയാത്രികരും സത്രങ്ങളിൽ പാചകം ചെയ്തുകഴിക്കും. 8-10 ദിവസത്തെ ദൈർഘ്യമുണ്ട് അക്കാലയാത്രകൾക്ക് . അതൊരു യാത്രാവസന്തകാലം തന്നെയാണ്. പിന്നീട് 1880 കാലഘട്ടത്തിൽ പഴനിക്ക് തീവണ്ടി വന്നു. 1920 കാലഘട്ടത്തിൽ ബസ് സർവീസും തുടങ്ങി.
വ്യാഴാഴ്ച സന്ധ്യയെത്തി. അത്താഴം നേരത്തെ കഴിഞ്ഞ് യാത്രാമെമ്പർമാർ തുണി സഞ്ചി ചുരുട്ടി ആൽത്തറയിൽ ഹാജരായി. അമ്പതോളം പേരുണ്ട്. ഷർട്ടും, കാവിമുണ്ടും. മൊബൈൽ ഇല്ലാത്ത കാലം. അധികമായുള്ള സംഗതി പെൻടോർച്ചുകൾ മാത്രം. ആൽത്തറയിൽ ഗ്രാമത്തിനെ ഒന്നടങ്കം സാക്ഷി നിർത്തി നാളികേരത്തിൽ കർപ്പൂരം കത്തിച്ച് ഗണപതിയേയും, മുരുകനേയും വിളിച്ച് മുതിർന്നൊരാൾ നാളികേരം എറിഞ്ഞുടച്ചു. ഒത്തിരി കണ്ഠങ്ങളിൽ നിന്ന് ഹര ഹര മുരുകാ ശബ്ദമുയർന്നു. മുകളിൽ നിലാവുദിച്ചിരുന്നു.യാത്ര തുടങ്ങി.
വണ്ടിത്താവളത്തു നിന്നും കിഴക്കോട്ട് ഹൈവേയോരം പറ്റി പൊള്ളാച്ചി നോക്കി നടപ്പാക്കി. പൊള്ളാച്ചിക്ക് 30 km ആണ്. കലപിലവർത്തമാനത്തിന്റെ ആദ്യാവേശത്തിൽ നടത്തവേഗതയുണ്ടായതിനാൽ 12 മണിയോടെ പൊള്ളാച്ചിയെത്തി. ഇനി ഇന്ന് യാത്ര മതി. പരമ്പരാഗത യാത്രാ സമയം 4-10 ആണ്. അതായത് കാലത്ത് 4 മുതൽ 10 വരെ. പിന്നെ വിശ്രമവും മറ്റും കഴിഞ്ഞ് വൈകീട്ട് 4 മുതൽ രാത്രി 10 വരെ യാത്ര.തുടർന്ന് ഉറക്കം. ഇപ്രകാരം കടുത്ത വെയിൽ ഏൽക്കാതെ യാത്ര സുഗമമാകുന്നു എന്നതാണ് പഴമക്കാരുടെ രീതി. ഏതായാലും പൊള്ളാച്ചി പ്രാന്തത്തിലെ വഴിയരികിലെ മധുരവീരൻ കോവിൽ മുറ്റത്ത് എല്ലാവരും കിടന്നു. ക്ഷീണം കാരണം പെട്ടെന്നുറങ്ങി. അലാറം വെച്ച് രാവിലെ 4 ന് എണീറ്റു നടന്നു. ഇടയിൽക്കണ്ട കുളത്തിൽ പല്ലുതേപ്പും, കുളിയും നടത്തി. വഴിയോര ചായക്കടകളിൽ പ്രാതൽ തീർത്തു. 10-10.30 മണിയോടെ 33 km താണ്ടി ഉദുമൽപ്പേട്ടയിലെത്തി. അവിടെ വഴിയരികിലെ കോളജ് മൈതാനത്ത് പൂവരശുമരങ്ങൾക്ക് താഴെ വിശ്രമം. കോളജ് കാന്റീനിൽ നിന്നും ഉച്ചയൂണ് . പിന്നേയും വിശ്രമം. നാലു മണിക്ക് കാന്റീനിൽ നിന്നും ചായയും, ബജ്ജിയും കഴിച്ച് വീണ്ടും യാത്ര തുടങ്ങി. ഇനി 37 km ദൂരം പഴനി കോവിലിലേക്കുണ്ട്. 8 മണിയോടെ പുഷ്പത്തൂർ കവലയെത്തി. തട്ടുകടദോശയും, ചട്ണിയും, കാപ്പിയും അത്താഴമായി.
യാത്രയുടെ ക്ഷീണത്തിൽ എണ്ണമറ്റ ദോശകൾ സ്വാദിന്റെ ഗുണനങ്ങളായി. പിന്നേയും നടപ്പ് തുടങ്ങി. 9.45 മണിയോടെ ദൂരെ പഴനിമല പ്രഭാപൂരിതമായി കാണാൻ തുടങ്ങി. ഉറക്കെ സംഘം ചേർന്നു ആർത്തുവിളിച്ചു: ഹര ഹരോ മുരുകാ . യാത്രയ്ക്ക് ആവേശം കയറി. ക്ഷീണം പമ്പ കടന്നു. കാലുകൾക്ക് വേഗതയേറി. 10.30 മണിയോടെ പഴനിമല അടിവാരമെത്തി. പ്രവേശമാർഗ്ഗത്തിന്റെ മുൻപിലുള്ള ഗണപതിയെ തൊഴുതു.
പഴനി ക്ഷേത്രനഗരിയിൽ ഒരു തീർത്ഥാടന തിരക്ക് ദിവസത്തിന്റെ അവസാന സമയക്കാഴ്ചകളാണ് കാണുന്നത്. പൂട്ടാൻ നിൽക്കുന്ന കടകൾ. തുണിമറ കൊണ്ട് മറയ്ക്കുന്ന വഴിയോര കടകൾ. വീട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്ന സൈക്കിൾ റിക്ഷാക്കാരും, പേരയ്ക്കാ കച്ചവടക്കാരും, തട്ട് കർപ്പൂരക്കച്ചവടക്കാരും. ബസ് സ്റ്റാൻഡിൽ അവസാനബസും പ്രതീക്ഷയോടെ കാത്തു നിൽക്കുന്ന ലോഡ്ജ് കമ്മീഷൻ ഏജൻറുമാർ. എല്ലാവരും തലമുറകളായി മുരുകന്റെ പേരിൽ ഉപജീവനം അല്ലലില്ലാതെ കഴിയുന്നു. ലോഡ്ജിലെത്തി. കുളിക്കണം. ഉറങ്ങണം. പിന്നെ രാവിലെ മലകയറി ദർശനം കാണണം. ജനലിലൂടെ നോക്കിയപ്പോൾ കണ്ണഞ്ചിപ്പികുന്ന വർണ്ണവെളിച്ചത്തിൽ പഴനിമല അപ്പാടെ കുളിച്ചു നിൽക്കുന്നു. സ്ഫുടമായ വഴിവിളക്കുകളുടെ നിയോൺ പ്രകാശം യാത്രാവഴിയെ പ്രത്യേകം എടുത്തുകാട്ടുന്നു. ഏറ്റവും മുകളിൽ, കോവിലിന്റെ ഗോപുരത്തിനടുത്തായി ചുവപ്പ് വെളിച്ചത്തിൽ തമിഴിൽ “ഓം മുരുകാ” എന്ന പ്രകാശം കാണാം.
മനസ്സിൽ ഒരായിരം ഓർമ്മകളോടിയെത്തി. ഈ ദേവപ്രകാശം തേടി എത്ര നൂറ്റാണ്ടായി എണ്ണമറ്റ എത്രപേർ ഈ ദേവനഗരിയിലെത്തി. നടന്നും, കാളവണ്ടിയിലും , തീവണ്ടിയിലും ,ബസിലും, പിന്നെ ഇരുചക്ര – നാലുചക്രവാഹനങ്ങളിലുമായി. ഇവർ കടന്നെത്തിയ വഴിത്താരകളിലെ ഗൃഹാതുരമായ വൈവിധ്യമായ യാത്രാനുഭവങ്ങളുടെ ചരിത്രം കേട്ടാൽ ഒരിക്കലും മതിയാകില്ല. അതിൽ തീരെ ചെറിയൊരംശം ഈ യാത്രയിൽ കിട്ടിയ പോലെ അനുഭവപ്പെട്ടു. ചന്ദനത്തിന്റേയും, വിഭൂതിയുടേയും, മല്ലികപ്പൂക്കളുടേയും സമ്മിശ്രസുഗന്ധം നിറഞ്ഞ ഗൃഹാതുരസുഖം അന്നത്തെ പദയാത്രാനുഭവത്തിനുണ്ടായിരുന്നു.
ഫീസൽ സ്ലഡ്ജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് (FSTP) എന്നത് ഒരു നഗരത്തിനും ഗ്രാമത്തിനും അനിവാര്യമായ പൊതുജനാരോഗ്യ സംവിധാനം ആണ്. വീടുകളിലും സ്ഥാപനങ്ങളിലുമുള്ള…
A Faecal Sludge Treatment Plant (FSTP) is one of the most important public health facilities…
📢 ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒരു പൊതുചർച്ച വേദി തദ്ദേശ തിരഞ്ഞെടുപ്പുകൾ അടുത്ത് എത്തിയിരിക്കുകയാണ്. വിവിധ രാഷ്ട്രീയ പാർട്ടികൾ…
Big slogans are easy. Reality on the road is not.Every time we step out, the…
How India Was Measured: The Great Trigonometrical Survey of India and How Kerala, Especially Palakkad,…
Explore the detailed history of Tattamangalam in Chittur taluk, Cochin State. Learn its colonial era…