മാറ്റക്കാരൻ വെള്ളച്ചന്റെ കഥാചരിത്രം
പൊള്ളാച്ചിയോട് ചേർന്നു കിടക്കുന്ന കിഴക്കൻ പാലക്കാടൻ അതിർത്തി ഗ്രാമമായ വണ്ടിത്താവളംകാരനായിരുന്നു വെള്ള അഥവാ വെള്ളച്ചൻ. ഇന്നു ജീവിച്ചിരുപ്പുണ്ടെങ്കിൽ ആൾക്ക് 100 വയസ് കഴിഞ്ഞിട്ടുണ്ടാകും. പത്തിരുപതു വർഷം മുൻപ് മരണപ്പെട്ടു.
വെള്ള അഥവാ വെള്ളച്ചൻ എന്നു പറഞ്ഞാൽ ആളെ ആരുമറിയില്ല. മാറ്റക്കാരൻ വെള്ളച്ചൻ എന്നു തന്നെ പറഞ്ഞാലേ അറിയുള്ളൂ. രാവിലെ 6 ന് തലയിൽ വലിയൊരു കുട്ടയുമായി വെള്ളച്ചൻ വീട്ടിൽ നിന്നും ചെമ്മൺഗ്രാമവഴികളിലെ നാൽക്കവലകളിൽ കൃത്യമായെത്തും. കുട്ട നോഹയുടെ പെട്ടകമാണ്. അതിനകത്ത് – ബീഡി, സിഗരറ്റ്, തീപ്പെട്ടി, മുറുക്കാൻവഹകൾ, പുകയില, അടക്ക, വാസനയടയ്ക്ക, വർണ്ണ മിഠായികൾ, ഭക്ഷ്യധാന്യങ്ങൾ, ഉപ്പ്, ഉണക്കമീൻ, ചാന്ത്, പൊട്ട്, റിബ്ബൺ, വള ,വെപ്പുമുടി, ബ്ലേഡ്, അനാസിൻ ഗുളിക, അമൃതാഞ്ജൻ, ചന്ദനത്തിരി, കർപ്പൂരം, സാമ്പ്രാണി തുടങ്ങി എല്ലാ അവശ്യവഹകളുമുണ്ടാകും.
കവലകളിലെ പ്രത്യേക കേന്ദ്രങ്ങളിൽ ഗ്രാമീണർ വെള്ളച്ചനെ അക്ഷമയോടെ കാത്തു നിൽക്കും – കുഞ്ഞുങ്ങൾ, സ്ത്രീകൾ ,പുരുഷൻമാർ.രാവിലത്തെ അത്യാവശ്യങ്ങൾ.
കർക്കശക്കാരനായ വെള്ളച്ചന് കടമെന്ന ഏർപ്പാടില്ല. വാങ്ങുന്ന സാധനങ്ങൾക്കു തിരികെ പൈസ അല്ലെങ്കിൽ നെല്ല് കൊടുക്കണം. പഴയ കാലത്ത് ഗ്രാമീണരുടെ കൈവശം കാശ് കുറവായതിനാൽ പലരും കൂലിനെല്ലാണ് വെള്ളച്ചന് വാങ്ങുന്ന സാധനങ്ങൾക്കു് വിലയായി കൊടുക്കുക അതായത് മാറ്റത്തിന് ക്രയവിക്രയം നടത്തുക. അങ്ങനെ വെള്ള മാറ്റക്കാരൻ വെള്ളച്ചനായി. ഇതാണ് നമ്മൾ പഠിച്ച ബാർട്ടർ സമ്പ്രദായം. ഗ്രാമവഴികളും, കവലകളും താണ്ടി ഏതാണ്ട് നാലഞ്ച് മൈൽ പിന്നിട്ട് ദൂരെയുള്ള പേരുകേട്ട മാരിയമ്മൻ കോവിലിൽ വെള്ളച്ചന്റെ കച്ചവട യാത്ര നിൽക്കും. എന്നും തിരക്കുള്ള ഈ ഗ്രാമീണ കോവിലിൽ ഉച്ചവരെ ഇരുന്നു കച്ചവടം ചെയ്ത ശേഷം കുട്ട നിറയെ നെല്ലും, മടിയിൽ കുറച്ചു നാണയത്തുട്ടുകളുമായി വെള്ളച്ചൻ തിരികെ പുറപ്പെടും. വീട്ടിലെത്തി ഊണു കഴിച്ച് പശുക്കളെ മേയ്ക്കും.
പിന്നെ വൈകിട്ട് 3 km അകലെ വണ്ടിത്താവളം ടൗണിൽ പോയി കച്ചവട സാമഗ്രികൾ വാങ്ങിക്കൊണ്ടുവരും . വരുമ്പോൾ ചാരായം മോന്തും. അതിരാവിലെ നാല് മണിക്ക് എണീറ്റ് പശുക്കളെ കറന്ന ശേഷം ചായ കുടിച്ച് വെള്ളച്ചൻ കുട്ടയുമായിയിറങ്ങും .വിദൂര ഗ്രാമങ്ങളിൽ കടകൾ തീരെയില്ലാത്തതിനാൽ വെള്ളച്ചന് നല്ല ഡിമാന്റാണ്. സാധനങ്ങൾ തേക്കിലയിൽ പൊതിഞ്ഞു കൊടുക്കും. ഗ്രാമീണ കോവിലിലേക്കുള്ള ഏലസ്സും, ചരടും, നൂലും, വഴിപാടു സാധനങ്ങളും ഗ്രാമീണർ വെള്ളച്ചനെ ഭദ്രമായി ഏൽപ്പിക്കും. പ്രസാദം തിരികെ വരുമ്പോൾ കിട്ടും. അക്കാലത്ത് നാട്ടിൻപുറത്തെ ചായക്കടകളിലും നെല്ലിന്റെ മാറ്റം നടത്തിയാണ് ഗ്രാമീണർ ചായയും, പലഹാരവും കഴിച്ചിരുന്നത്.ഇതു സൂക്ഷിക്കാനായി ചായക്കടകളിൽ പ്രത്യേക റൂമുകളുണ്ടാവും.
വെള്ളച്ചൻ മരിച്ചതോടെ പിന്നീടാരും മാറ്റക്കാരായി കച്ചവടത്തിന് വന്നില്ല. കുഗ്രാമങ്ങളിലും ചെറിയ കടകൾ വന്നു തുടങ്ങി. ചായക്കടകളും പെരുകി. കടകളിൽ നെല്ല് മാറ്റമെന്ന ഏർപ്പാട് കുറച്ചു കാലം കൂടി നിന്നിരുന്നു. ക്രമേണ അതൊഴിവായി.
തലയിൽ കുട്ട വെച്ച് താളത്തിൽ നടന്നു വന്നിരുന്ന വെള്ളച്ചനെ ഓർക്കുമ്പോൾ , ചെറിയ സ്കൂൾ ക്ലാസിൽ ചരിത്ര ബുക്കിൽ പഠിച്ച ബാർട്ടർ സിസ്റ്റം ഓർമ്മ വരും. ചെമ്മൺ നാട്ടുവഴികൾ കല്ലു റോഡായും, പിന്നീട് ടാർ റോഡായും അതിവേഗം വികസിച്ച് സുഗമ ഗതാഗതം സാധ്യമായപ്പോൾ പഴയ ഗ്രാമീണ ബിംബങ്ങൾ കാലം ചെയ്തു പോയി .
അനുബന്ധം: 1989-90 കാലഘട്ടങ്ങളിൽ ഞാൻ തൃശൂരിലേക്കു് ജോലിക്ക് പോകുന്ന നാളുകളിൽ അതിരാവിലെ അഞ്ചു മണിക്കു് വണ്ടിത്താവളം ടൗണിലെ മന്നാ ഡിയാരുടെ ചായക്കടയിലെത്തുമ്പോഴേക്കും വെള്ളച്ചൻ പാല് രണ്ടു അലുമിനിയം കന്നാസിൽ കൊണ്ടുവന്ന് തിളപ്പിക്കാൻ നിൽക്കും. ഒപ്പം തന്നെ മരക്കരിയിട്ട് ചെമ്പ് ചായ സമോവറും കത്തിക്കും. പാല് തിളച്ച് സമോവർ റെഡിയാകുമ്പോഴേക്കും ഉദ്ദേശം അഞ്ചു മണിയാകും.മന്നാഡിയാർ ചേട്ടൻ ഈ സമയത്ത് റെഡിയായി എത്തി ചായ ഒഴിക്കും. നാടൻ നറും പശുവിൻ പാലിലുണ്ടാക്കുന്ന, സമോവറിൽ തിളച്ച ചായയുടെ ,പ്രഭാത രുചി ഇപ്പാഴും നാവിലുണ്ട്.
എഴുതിയത് : സണ്ണി രാജൻ
https://www.facebook.com/sunnyrajan.rajan