Skip to content

ചിത്രാ കാപ്പി തത്തമംഗലം

  • History
chithra coffee tattamangalam

പഴയ കഥയാണ്. സ്കൂൾ പഠനകാലം. അച്ഛന്റെ കൂടെ ജോലിസ്ഥലമായ കാസർഗോഡാണ് താമസം. വെക്കേഷന് നാടായ വണ്ടിത്താവളമെത്തും- വിഷുവിന് മുൻപായി . മംഗലാപുരം- മദ്രാസ് വെസ്റ്റ് കോസ്റ്റ് ട്രെയിനിലാണ് വരുന്നത്. ഒലവക്കോടെത്തുമ്പോൾ പുലർച്ച 4 മണിയാകും. റെയിൽവേ സ്റ്റേഷനിൽത്തന്നെ പൊള്ളാച്ചിക്കുള്ള KBBS ബസ് നിൽക്കുന്നത് കാണാം. കൂടെ സന്തത ഉടമ രാഘവേട്ടനും. ആറു മണി കഴിഞ്ഞ് വണ്ടിത്താവളത്ത് ബസിറങ്ങും. മൂന്ന് കിലോമീറ്റർ അകലമുണ്ട് വീട്ടിലേക്ക്. യാത്ര ചെയ്യാൻ വീട്ടിൽ നിന്നയച്ച കാളകൾ വലിക്കുന്ന സവാരി വണ്ടി ബസ് സ്റ്റോപ്പിൽ കാത്തു നിൽക്കുന്നുണ്ടാവും. ചെമ്മൺപാത യാത്ര കഴിഞ്ഞ് വീടെത്തി ആദ്യം പല്ല് തേപ്പ് . അപ്പോഴേക്കും കാപ്പി റെഡി. നാടൻപാലിൽ ചിത്രാ കാപ്പിപ്പൊടി ചേർത്ത ഒന്നാന്തരം കാപ്പി. സ്ഥിരമായി ബ്രൂ കാപ്പി കഴിച്ചിരിക്കെ ,ചിത്രാ കാപ്പി വ്യത്യസ്തമായ ഒരു രുചി അനുഭവമായിരുന്നു.

മുത്തഛൻ വണ്ടിത്താവളത്തെ കടയിൽ നിന്നും വാങ്ങിക്കൊണ്ടു വരുന്ന കാപ്പിപ്പൊടി പൊതി ശ്രദ്ധിച്ചു. ഓയിൽ പേപ്പറിൽ വയലറ്റ് എഴുത്ത് – ചിത്രാ കാപ്പി, തത്തമംഗലം. എന്തായാലും മധ്യവേനലവധി പ്രഭാതങ്ങൾ ചിത്രയുടെ മാസ്മരിക ലഹരിയിലായിരുന്നു അന്ന്. തിരികെ കാസർഗോഡിന് മടങ്ങുമ്പോൾ കൂടുതൽ പൊതി ചിത്രാ കാപ്പി വാങ്ങി താമസസ്ഥലത്തേക്ക് കൊണ്ടു പോകുമായിരുന്നു. അവിടെ വെച്ച് കാപ്പി കുടിക്കുമ്പോൾ വണ്ടിത്താവളം ഓർമ്മകൾ വരും. പിന്നെ കുറെ വർഷങ്ങൾ കഴിഞ്ഞ് പാലക്കാട് തിരിച്ചെത്തിയപ്പോൾ ചിത്രാ കാപ്പി അന്വേഷിച്ചതിൽ കിട്ടാനില്ല. ആർക്കും ഈ കാപ്പിയെപ്പറ്റി ഇപ്പോൾ അറിവുമില്ല. പക്ഷെ അരനൂറ്റാണ്ടിന് മുൻപുള്ള കാപ്പി ലഹരി രുചി ഇപ്പോഴും ഓയിൽ പേപ്പറിൽ കടുത്ത വയലറ്റ് നിറത്തിൽ എഴുതിയതു പോലെ നാവിലും, ഹൃദയത്തിലും മായാതെ കിടക്കുന്നു – ചിത്രാ കാപ്പി, തത്തമംഗലം.

Image by S. Hermann & F. Richter from Pixabay

Leave a Reply