ദക്ഷിണേന്ത്യയിലെ ഗ്രാമീണ ചാരുതയാർന്ന റെയിൽവേ സ്റ്റേഷനാണ് പാലക്കാട്ടെ മുതലമട . പാലക്കാട് – പൊള്ളാച്ചി റൂട്ടിലാണ് ഈ സ്റ്റേഷൻ. 1880 കാലഘട്ടത്തിലാണ് പാത ബ്രിട്ടീഷുകാർ പണിതത്. അതുവരെ പൊള്ളാച്ചി- കിണത്തുക്കടവ്- പോത്തനൂർ പാത മാത്രമെ ഉണ്ടായിരുന്നുള്ളൂ. പൊള്ളാച്ചിയിൽ നിന്നും 50 km ദൂരം നീട്ടി പാലക്കാട് – ഒലവക്കോട് ജംഗ്ഷനുമായി പിന്നീട് ഈ പാത ബന്ധിപ്പിച്ചു.
ആനമല റോഡ്, മീനാക്ഷീപുരം, മുതലമട , കൊല്ലങ്കോട്, വടകന്നികാപുരം, പുതുനഗരം എന്നീ സ്റ്റേഷനുകളാണ് ഈ റേഞ്ചിലുള്ളത്. ഇപ്രകാരം ഒലവക്കോട് മുതൽ രാമേശ്വരം – ധനുഷ്കോടി ദ്വീപ് വരെ മീറ്റർഗേജ് പാത അക്കാലത്ത് നീണ്ടു കിടന്നു.
പാലക്കാട് – പൊള്ളാച്ചി 50 KM പാത വെള്ളക്കാർ കേവലം ഒരു വർഷം കൊണ്ടാണ് നിർമ്മാണം പൂർത്തിയാക്കിയത്. ഇതിനിടയിൽ ഒരു സംഗതി നടന്നു. അലൈൻമെന്റ് മാറ്റം. പാലക്കാട് കഴിഞ്ഞ് പുതുനഗരം സ്‌റ്റേഷനിൽ നിന്നും ചിറ്റൂർ വഴിയാണ് മീനാക്ഷിപുരത്തേക്കുള്ള റൂട്ട് സർവ്വേ തയ്യാറാക്കിയത്. ചിറ്റൂർ വളരെയധികം ജനസാന്ദ്രതയുള്ള പ്രദേശമാണ്. കൊച്ചി രാജാവിന്റെ കീഴിലുള്ള പ്രദേശവും . പുതിയ തീവണ്ടിപ്പാത ചിറ്റൂരിലൂടെ വരുന്നതറിഞ്ഞ ,ചിറ്റൂരുകാരായ പ്രമാണിമാർ കൊച്ചി രാജാവ് മുഖേന സ്വാധീനം ചെലുത്തി ബ്രിട്ടീഷുകാരെക്കൊണ്ട് തീവണ്ടി ലൈൻ മാറ്റിപ്പിടിപ്പിച്ചു. തുടർന്ന് പുതുനഗരം സ്‌റ്റേഷനിൽ നിന്നും ലൈൻ തെക്കോട്ട് വടകന്നികാപുരം, കൊല്ലങ്കോടിലേക്ക് നീട്ടി, വീണ്ടും അവിടെ നിന്നും കിഴക്കോട്ട് മുതലമട വഴി മീനാക്ഷിപുരത്തെത്തുന്ന പുതിയ റൂട്ട് സർവ്വെ ചെയ്ത് നിർമ്മാണം പൂർത്തിയാക്കി. മീൻ വ്യാപാര കേന്ദ്രം, മാപ്പിള ശക്തികേന്ദ്രം എന്നീ കാരണങ്ങളാൽ പുതുനഗരത്ത് അക്കാലത്ത് തന്നെ പോലീസ് സ്റ്റേഷനും , റെയിൽവേ സ്‌റ്റേഷനും ഇംഗ്ലീഷുകാർ സ്ഥാപിച്ചു.
കൊല്ലങ്കോട് ദേശം വെങ്ങുനാട് രാജഭരണത്തിലായിരുന്നു. പക്ഷെ ഈ രാജാവ് കൊച്ചി രാജാവിന് കീഴിൽ നിൽക്കാതെ സാമൂതിരിക്ക് വിധേയനായി. ഇക്കാരണങ്ങളാൽ ചിറ്റൂരിൽ തീവണ്ടിപ്പാതയ്ക്ക് സ്ഥലം നഷ്ടമാകാതെ , ലൈൻ മുതലമട വഴി വന്നു. മുതലമട അക്കാലത്ത് തീർത്തും വനമേഖല തന്നെയായിരുന്നു. ഇപ്പോഴാലോചിച്ചാൽ ഇങ്ങനെ ചിറ്റൂർ പൂർവ്വികർ ചെയ്തത് അബദ്ധമാണെന്ന് പറയാം. കൊല്ലങ്കോട് നിന്ന് എലവൻചേരി ,നെമ്മാറ, വടക്കൻചേരി ,പട്ടിക്കാട്, മണ്ണുത്തി വഴി തൃശൂരിലേക്ക് ഒരു റെയിൽപ്പാത സർവ്വേയും ബ്രിട്ടീഷുകാർ അക്കാലത്ത് പൂർത്തിയാക്കികിയിരുന്നു. പക്ഷെ പാത നിർമ്മാണം തുടങ്ങുമ്പോഴേക്കും ഇന്ത്യ സ്വതന്ത്രമായി. പണി മുടങ്ങി. ഇപ്പോഴും ഈ ലൈൻ പണി കടലാസിൽത്തന്നെ.
1880 കാലത്ത് വെള്ളക്കാർ നട്ടിരുന്ന ആൽമരങ്ങൾ ഇപ്പോഴും പടർന്ന് പന്തലിച്ച് മുതലമട സ്റ്റേഷന് ഭംഗിയുള്ള തണൽ പകരുന്നു. ഓടിട്ട സ്റ്റേഷൻ കെട്ടിടവും , ആൽത്തറയും, മൺ തറയിലുള്ള പ്ലാറ്റ്ഫോറവും സ്റ്റേഷന് ഗ്രാമീണഛായ നൽകി. 2016ൽ മീറ്റർഗേജ് മാറ്റി ബ്രോഡ്ഗേജ് വന്നപ്പോൾ സ്റ്റേഷൻ കെട്ടിടം RCC ആയി. മൺതറ പ്ലാറ്റ് ഫോറം മാറി, തീവണ്ടി ബോഗി ചവിട്ടുപടി ഉയരത്തിൽ പുതിയ ടൈൽ പ്ലാറ്റ് ഫോറം വന്നു. പഴയ പൊള്ളാച്ചി പാസഞ്ചർ , മധുര, രാമേശ്വരം എക്സ്പ്രസ് വണ്ടികളും ഇപ്പോൾ ഓടുന്നില്ല. ഏതായാലും ചിറ്റൂർ പ്രധാനികൾ കാരണം മുതലമടയെന്ന ശാലീന സുഭഗമാർന്ന ഗ്രാമീണ തീവണ്ടി നിലയം ലഭിച്ചതിലും, ഈ തീവണ്ടി സ്റ്റേഷൻ ഭംഗിയായി രൂപകല്പന ചെയ്ത പൂർവ്വസൂരികൾ നമ്മുക്കുണ്ടായതിലും നാം തലമുറകൾ കടന്നും ഭാഗ്യവാൻമാരാണ്.